മലപ്പുറം: ഓണക്കാല വിപണിയിലെ വിലക്കയറ്റം തടയാനും പൊതുജനങ്ങൾക്ക് ന്യായവിലയിൽ നിത്യോപയോഗ സാധനങ്ങൾ ലഭ്യമാക്കാനുമായി കണ്‍സ്യൂമർഫെഡ് ഒരുക്കുന്ന ഓണം വിപണികൾക്ക് ജില്ലയിൽ തുടക്കമായി.
സഹകരണ വകുപ്പിന്റെയും വിവിധ സർവീസ് സഹകരണ ബാങ്കുകളുടെയും നേതൃത്വത്തിൽ ജില്ലയിൽ സജ്ജമാക്കിയ 148 ഓണം വിപണികളുടെ ജില്ലാതല ഉദ്ഘാടനവും മലപ്പുറം സർവീസ് സഹകരണ ബാങ്ക് സംഘടിപ്പിക്കുന്ന ഓണം ഫെയർ 2026-ന്റെ ഉദ്ഘാടനവും മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി നിർവഹിച്ചു.
ആഘോഷവേളകളിൽ സാധാരണക്കാർക്ക് ആശ്വാസമേകാൻ സർക്കാരും വിവിധ സർക്കാർ ഏജൻസികളും സഹകരണ മേഖലയും കാര്യക്ഷമമായി വിപണിയിൽ ഇടപെടുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. മേളകളിൽ ഗുണനിലവാരമുള്ള ഉത്പന്നങ്ങൾ ആകർഷകമായ വിലക്കുറവിൽ ലഭ്യമാക്കിയിട്ടുണ്ടെന്നും ജനങ്ങൾ ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
മലപ്പുറം കുന്നുമ്മലിൽ നടന്ന ചടങ്ങിൽ നഗരസഭാ ചെയർപേഴ്സണ്‍ വി. റിനിഷ അധ്യക്ഷത വഹിച്ചു. ജില്ലാ സഹകരണ ജോയിന്റ് രജിസ്ട്രാർ (ജനറൽ) റെനി ഏബ്രഹാം ആദ്യവിൽപന നിർവഹിച്ചു.
കണ്‍സ്യൂമർഫെഡ് ഡയറക്ടർ ഗോകുൽദാസ് കോട്ടയിൽ, നഗരസഭാ വൈസ് ചെയർപേഴ്സണ്‍ ജിതേഷ് ജി. അനിൽ, മലപ്പുറം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് റഹ്മത്തുല്ല തറയിൽ, വൈസ് പ്രസിഡന്റ് ഷൗക്കത്ത് ഉപ്പൂടൻ, ജില്ലാ സഹകരണ ജോയിന്റ് രജിസ്ട്രാർ പി. ശ്രീധരൻ, നഗരസഭാ പൊതുമരാമത്ത് സ്ഥിരസമിതി ചെയർപേഴ്സണ്‍ ഹാരിസ് ആമിയൻ, മലപ്പുറം സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി എൻ. അലവി കണ്‍സ്യൂമർഫെഡ് റീജണൽ മാനേജർ ആർ. ജയകുമാർ, തുടങ്ങിയവർ സംസാരിച്ചു.
ഓഗസ്റ്റ് 16 മുതൽ 25 വരെയാണ് ഓണം വിപണികൾ പ്രവർത്തിക്കുക. ജില്ലയിലെ വിവിധ സഹകരണ സംഘങ്ങൾ വഴി 136 ചന്തകളും 12 ത്രിവേണി യൂണിറ്റുകളും ഉൾപ്പെടെ ആകെ 148 ഓണച്ചന്തകളാണ് ഓണം വിപണിയുടെ ഭാഗമായി കണ്‍സ്യൂമർഫെഡ് ജില്ലയിൽ ഒരുക്കുന്നത്.
പൊതുവിപണിയേക്കാൾ 30 ശതമാനം മുതൽ 50 ശതമാനം വരെ വിലക്കുറവിൽ 13 ഇനം സാധനങ്ങളാണ് ഓണം വിപണിയിലൂടെ സബ്സിഡി നിരക്കിൽ നൽകുന്നത്.
ഇതിനുപുറമേ 10 മുതൽ 40 ശതമാനം വരെ വിലക്കുറവിൽ മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, തേയില, വെളിച്ചെണ്ണ ഉൾപ്പെടെയുള്ള 51 ഇനം ത്രിവേണി ഉത്പന്നങ്ങളും പ്രമുഖ ബ്രാൻഡുകളുടെ സാധനങ്ങളും നോണ്‍ സബ്സിഡി ഇനങ്ങളായി മേളയിൽ സജ്ജീകരിച്ചിട്ടുണ്ട്.
കച്ചവടം പൊടിപൊടിക്കാന്‍ ആര്‍പ്പുവിളികളും
കരുവാരകുണ്ട്: ഓണം വിളിപ്പാടകലെ എത്തിനില്‍ക്കെ ആഘോഷത്തിനൊരുങ്ങി നാടും നഗരവും. ഓണാഘോഷത്തിന്റെ ചമയങ്ങളിലേക്ക് മലയാളികള്‍ ഉടുത്തൊരുങ്ങുകയാണ്. ഓണത്തിമിര്‍പ്പിലേക്ക് വ്യാപാര സ്ഥാപനങ്ങളാണ് മലയാളികളെ കൂട്ടിക്കൊണ്ടുപോകുന്നത്.
ഓണത്തോടനുബന്ധിച്ച് വിവിധ തരത്തിലുള്ള ഓഫറുകളാണ്. സാമൂഹിക മാധ്യമങ്ങളിലും ടെലിവിഷന്‍ ചാനലുകളിലും ഓണാഘോഷം തുടങ്ങിക്കഴിഞ്ഞു.
കടകള്‍ അലങ്കരിച്ചും തോരണങ്ങള്‍ തൂക്കിയും മാവേലിയുടെ ചിത്രങ്ങള്‍ പതിച്ചും ഓണാശംസകള്‍ ആലേഖനം ചെയ്ത പോസ്റ്ററുകള്‍ പതിച്ചും ജനങ്ങളെ ആകര്‍ഷിക്കുകയാണ് ഓണവിപണി. വസ്ത്രശാലകളാണ് ഓണവിപണിയില്‍ മുന്‍പന്തിയില്‍.
ഇലക്ട്രോണിക് ഉത്പന്നങ്ങള്‍, മൊബൈല്‍ ഫോണുകള്‍, വാഹനങ്ങള്‍, ഫര്‍ണിച്ചറുകള്‍ തുടങ്ങിയവയുടെ വില്പന കൂട്ടാന്‍ പലവിധ ഓഫറുകളും സമ്മാനങ്ങളുമാണ്.
കനത്ത മഴയും പ്രകൃതിദുരന്തങ്ങളും കാരണം വ്യാപാര മേഖലയില്‍ മാസങ്ങളായി മാന്ദ്യമായിരുന്നു.സീസണിലെ കച്ചവടത്തില്‍നിന്ന് വേണം കച്ചവടമില്ലാത്ത സമയത്തെ വാടക, തൊഴിലാളികളുടെ ശമ്പളം, വൈദ്യുതി ചാര്‍ജ്, മറ്റു ചെലവുകള്‍ എന്നിവ നികത്താന്‍. അതിനാല്‍ വലിയ തയാറെടുപ്പിലാണ് വ്യാപാരികള്‍.